കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും തിരിച്ചടി. സിഎംആർഎൽ കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തടയില്ലെന്ന് കോടതി വ്യക്തമാക്കി. വിശദമായ ഉത്തരവ് നാളെ പ്രസിദ്ധപ്പെടുത്തും.
ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു. കമ്പനി കാര്യ നിയമത്തിലെ ചട്ടപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ സഹകരിച്ചിട്ടും നിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിലാണ് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
കമ്പനിക്കെതിരെ സമാന്തര അന്വേഷണങ്ങളാണോ നടക്കുന്നതെന്ന് അറിയില്ലെന്നും ആണെങ്കില്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് എക്‌സാലോജിക്കിന്റെ വാദം. എസ്എഫ്‌ഐഒ സമാന്തര അന്വേഷണമാണ് നടത്തുന്നതെങ്കില്‍ അറസ്റ്റിലേക്ക് കടക്കുമോ എന്ന ആശങ്കയും എക്‌സാലോജിക്കിനുണ്ട്. സിഎംആര്‍എല്ലിന്റെ ഇടപാടില്‍ ഗുരുതര സാമ്പത്തിക വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എസ് എഫ് ഐ ഒയുടെ വാദം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിട്ടുണ്ട്.
സി എം ആര്‍ എല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി രേഖകളില്ലാതെ 135 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സേവനങ്ങളൊന്നും നടത്താതെതന്നെ വീണാ വിജയന്റെ എക്‌സാലോജിക്കിന് 1.72 കോടി നല്‍കിയതിനും തെളിവുണ്ട്. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണം നടത്താന്‍ എസ് എഫ് ഐ ഒയെ ചുമതലപ്പെടുത്തിയതെന്നുമാണ് സോളിസിറ്റര്‍ ജനറലിന്റെ വാദം. ഈ വാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍ണാടക ഹൈക്കോടതി എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിന് നിര്‍ദ്ദേശം നല്‍കിയത്.
Karnataka high Court rejects Veena Vijayan’s plea