
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാവിലെ കര്‍ണ്ണാടക ജില്ലയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമുണ്ടെന്ന് സംശയം. കോഴിക്കോട് സ്വദേശിയായ അര്‍ജുനെയാണ് അപകട സ്ഥലത്ത് കാണാതായത്. ഡ്രൈവറായ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് കരുതുന്നത്. ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്‌നല്‍ അവസാനമായി ലഭിച്ചത് ഇവിടെ നിന്നായിരുന്നു എന്നതാണ് സംശയത്തിന് ആക്കം കൂട്ടുന്നത്
എം.കെ. രാഘവന്‍ എം.പി. ഉള്‍പ്പെടെയുള്ളവരുമായി അര്‍ജുന്റെ ബന്ധുക്കള്‍ ബന്ധപ്പെട്ടു. ഇവര്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തിയിട്ടുമുണ്ട്.
അതേസമയം, കൂറ്റന്‍ കുന്ന് ഇടിഞ്ഞുവീണ് രണ്ട് കുടുംബങ്ങളിലെ ഏഴ് പേരുള്‍പ്പെടെ മരിച്ചതായാണ് ആദ്യം വിവരം പുറത്തുവന്നത്. പിന്നീട് രക്ഷാ പ്രവര്‍ത്തനത്തിനിടെ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.