മുണ്ടുടുത്തെത്തിയ കർഷകനെ തടഞ്ഞു; മാൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് കർണാടക സർക്കാർ

ബെംഗളൂരു: സ്വകാര്യ മാളിൽ മുണ്ടുടുത്തെത്തിയ കർഷകനെ തടഞ്ഞ സംഭവത്തിൽ നിർണായക ഇടപെടലുമായി കർണാടക സർക്കാർ. ഏഴ് ദിവസത്തേക്ക് മാൾ താത്കാലികമായി അടച്ചിടാൻ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി. മകനൊപ്പം സിനിമ കാണാൻ ജിടി മാളിൽ എത്തിയ ഫക്കീരപ്പ എന്ന കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. സംഭവത്തിന് പിന്നാലെ പ്രതിഷേധമുയർന്നു.

മാഗഡി റോഡിലെ ജി.ടി വേൾഡ് മാളിലായിരുന്നു സംഭവം. മാളിന്റെ പുറത്ത് ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാർ പാന്റ് ധരിച്ചുവന്നാൽ മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്ന് പറഞ്ഞു. ഈ ദുരനുഭവം വിവരിച്ചുകൊണ്ട് മകൻ നാഗരാജു വീഡിയോ ചെയ്തതിന് ശേഷം മാളിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മാൾ ഉടമയ്ക്കും ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിവിധ കർഷകസംഘടനകളും കന്നഡസംഘടനകളും മാളിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫക്കീരപ്പയെ മുമ്പിൽ നിർത്തിയായിരുന്നു പ്രതിഷേധം. ശേഷം മാൾ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പ് ചോദിക്കുകയും ഉള്ളിലേക്കു കൊണ്ടുപോയി ആദരിക്കുകയും ചെയ്തു. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മാൾ ഏഴ് ദിവസത്തേക്ക് താത്കാലികമായി അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.

More Stories from this section

family-dental
witywide