മംഗളുരു: ഗംഗാവാലി പുഴയിലെ ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം ഡി എൻ എ പരിശോധന നടത്താതെ കുടുംബത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തി. ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയ്ൽ വ്യക്തമാക്കി. ബാംഗ്ലൂരുവിൽ വെച്ചാകും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും കുടുംബത്തിന് വിട്ടുകൊടുക്കലെന്നും എംഎൽഎ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് ഗംഗാവാലി പുഴയിൽ നിന്ന് അർജുന്‍റെ ലോറിയും ക്യാബിനുള്ളിൽ മൃതദേഹ ഭാഗങ്ങളുമടക്കം നേവി കണ്ടെത്തിയത്. ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2 വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നതെന്ന് നേവി വ്യക്തമാക്കി. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് – അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. തിരച്ചിലിന്‍റെ നിരവധി ഘട്ടങ്ങൾക്ക് ശേഷം 72-ാം ദിവസമാണ് ലോറി ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെത്തിയത്.