ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി. അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു. ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി.
മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കെതിരെയും കസ്തൂരി വിമർശനമുന്നയിച്ചു. ഇരുവരും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് കസ്തൂരി ചോദിച്ചു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.
‘‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്,’’ കസ്തൂരി പറഞ്ഞു.
“ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു.” രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും താൻ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.