ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ തുരന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
കസ്റ്റഡിയിലുള്ള നിതീഷ് ഇന്നലെ കുറ്റം സമ്മതിച്ചതായി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. നിതീഷുമായുള്ള തെളിവെടുപ്പില്‍ വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തി തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘‘നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർഡ്ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്,’’ അദ്ദേഹം പറഞ്ഞു.
കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയിരുന്നു. ഈ സമയം വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.