മലയാളത്തിന്റെ ‘പൊന്നമ്മ’യ്ക്ക് പ്രിയപ്പെട്ടവര്‍ ഇന്ന് വിടനല്‍കും, സംസ്‌കാരം വൈകിട്ട്

കൊച്ചി: ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിച്ച് കടന്നുപോയ സ്ത്രീ രത്‌നമായിരുന്നു കവിയൂര്‍ പൊന്നമ്മ. വെള്ളിത്തിരയില്‍ നിന്നും മലയാള സിനിമയുടെ പൊന്നമ്മയായി മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്കാണ്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നമ്മ ഇന്നലെ വൈകിട്ടോടെയാണ് അന്തരിച്ചത്. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു. ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ അമ്മ വേഷങ്ങള്‍ ജീവിക്കുകയായിരുന്നു.

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുകയായിരുന്നുവെന്നുമാണ് നടന്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പൊന്നമ്മച്ചേച്ചി പകര്‍ന്നു തന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നുവെന്നും എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങളെന്നും മോഹന്‍ലാല്‍ സ്മരിച്ചു.

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഓര്‍മ്മിച്ചു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നതെന്നും ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.

More Stories from this section

family-dental
witywide