കവിയൂര്‍ പൊന്നമ്മ യാത്രയായി

കൊച്ചി: മലയാളസിനിമയുടെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മ വിടപറഞ്ഞു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എഴുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ കുറച്ചുനാളായി സിനിമാജീവിതത്തില്‍ നിന്നും അകന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു.

1962 ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ ചിത്രം. ഒടുവില്‍ വേഷമിട്ടത് 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തില്‍. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ആദ്യകാല നിര്‍മാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭര്‍ത്താവ്. ഏകമകള്‍ ബിന്ദു അമേരിക്കയിലാണ്. മരുമകന്‍: വെങ്കിട്ടരാമന്‍ (മിഷിഗണ്‍ സര്‍വകലാശാല).

2011 ല്‍ ഭര്‍ത്താവിന്റെ മരണശേഷം പറവൂരിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മകള്‍ ഉപേക്ഷിച്ചുപോയി എന്ന അഭ്യൂഹങ്ങളോട് താന്‍ സഹോദരനോടൊപ്പമാണെന്നും തന്റെ സംരക്ഷണം സഹോദരന്‍ ഏറ്റെടുത്തിരുന്നെന്നും പൊന്നമ്മ വ്യക്തമാക്കിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ നെടുമുടി വേണുവിനൊപ്പമാണ് അവസാനമായി അഭിനയിച്ചത്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ പത്തിനാണ് ജനനം.

More Stories from this section

family-dental
witywide