‘നിയമ നടപടി ഉറപ്പ്’, മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമെന്ന് കായംകുളം എംഎൽഎ; ‘ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് അറിയില്ല’

ആലപ്പുഴ: മകൻ കനിവിനെ കഞ്ചാവുമായി പിടികൂടിയെന്നത് തെറ്റായ വാർത്തയെന്ന് കായംകുളം എംഎൽ എ യു പ്രതിഭ. വാർത്തക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ലൈവിലെത്തിയാണ് പ്രതിഭ ഇക്കാര്യം പറഞ്ഞത്. നാട്ടിൽ കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് മകൻ ചെയ്തകതെന്നും മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ലെന്നും അവർ വിവരിച്ചു. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ലെന്നും വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി ഉറപ്പായും സ്വീകരിക്കുമെന്നും സി പി എം, എം എൽ എ വ്യക്തമാക്കി.

കനിവിന്‍റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ലെന്നും അവർ വിവരിച്ചു. മകൻ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. ഒപ്പമുണ്ടായിരുന്നവരുടെ കാര്യം എനിക്കറിയില്ല. ആ കാര്യങ്ങൾ ആ കുട്ടികളുടെ മാതാപിതാക്കളോടാണ് ചോദിക്കേണ്ടത്. എന്തായാലും എന്‍റെ മകന്‍റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ല. ഇനി അവന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയാൽ അവനൊപ്പം താൻ നിൽക്കില്ലെന്നും പ്രതിഭ വ്യക്തമാക്കി. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം പ്രതിഭയുടെ മകൻ കനിവിനെ (21) കുട്ടനാട് എക്സൈസ് സ്ക്വാഡ് കഞ്ചാവുമായി പിടികൂടിയെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത. 90 ഗ്രാം കഞ്ചാവാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം നൽകി വിട്ടയച്ചു എന്നാണ് വ്യക്തമാകുന്നത്. കേസിൽ കനിവ് ഒമ്പതാം പ്രതിയാണ് കനിവ്. എം എൽ എയുടെ മകനടക്കമുള്ളവർക്കെതിരെ എക്സൈസ് കേസെടുത്തത് ചട്ടം 27B വകുപ്പ് പ്രകാരമാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചു എന്നതാണ് കുറ്റം.

More Stories from this section

family-dental
witywide