കൊല്ലം: മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി നടനും മന്ത്രിയുമായി കെ.ബി ഗണേഷ് കുമാർ. റിപ്പോര്‍ട്ടിലുള്ളത് എല്ലാം ശരിയാണെന്ന് അഭിപ്രായമില്ലെന്നും ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് കാര്യമില്ല, സാംസ്‌കാരിക മന്ത്രി നടപടിയെടുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
റിപ്പോർട്ടിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാൽ, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു. സിനിമാ സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സിനിമാ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.
“ആളുകളുടെ വ്യക്തിപരമായ കാര്യമാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടിമാരുടെ കാരവാന്‍ ഉപയോഗിക്കാന്‍ അനുമദിക്കുന്നില്ല. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല. ആത്മയില്‍ പ്രശ്‌നങ്ങളില്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്,” ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
“റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പുണ്ട്. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. ശുപാർശയാണ് ജസ്റ്റിസ് ഹേമ നൽകിയത്. സിനിമാ സെറ്റുകളിൽ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാൽ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്. നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മൾ കേട്ടിട്ടുള്ളതാണ്. അതിലൊന്നും അഭിപ്രായം പറയുന്നില്ല.”