തൃശൂർ: സുരേഷ് ഗോപിയുടെ പൂരം കലയ്ക്കൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന് മറുപടിയില്ലേയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സിവേണുഗോപാൽ എംപി.ഇത്ര പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത് പേടിച്ചിട്ടാണോ അതോ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണോ? ഇത്തരമൊരു പ്രസ്താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
പൂരം കലക്കൽ വിവാദത്തിൽ അന്വേഷണം നടത്തണം, കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണം. പൂരം കലക്കലുമായി ബന്ധപ്പെട്ട് ബിജെപിക്കും സിപിഎമ്മിനും യാതൊരു ഉത്കണ്ഠയുമില്ല. ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ താൽപ്പര്യവുമില്ല. അവർ വിഷയം മാറ്റിക്കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച ഈ സംഭവത്തിന്റെ ഗുണഭോക്താവ് ബിജെപിയുടെ എംപിയാണ്. ഈ നേട്ടമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുമാണ്.
പോലീസ് സ്ഥലത്തിൽ നടക്കുന്ന ത്രിതല അന്വേഷണം നേരായ വഴിക്കല്ല. എല്ലാത്തിനും അടിസ്ഥാനം ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുതീർപ്പാണെന്നും വേണുഗോപാൽ പറഞ്ഞു.കോൺഗ്രസിൽ എല്ലാവർക്കും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ പാർട്ടിയൊരു തീരുമാനം എടുത്താൽ അതിനൊപ്പം ഒറ്റക്കെട്ടായി നീങ്ങും. കോൺഗ്രസിനെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. എല്ലാവരിലും വലിയ ആവേശമാണുള്ളത്. കെട്ടുറപ്പോടെയുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്നത് കൊണ്ടും അടിത്തറയിൽ നിന്ന് തന്നെ ശക്തമായ പ്രവർത്തനം നടത്തുന്നത് കൊണ്ടും വലിയ ആത്മവിശ്വാസമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.