തിരുവനന്തപുരം: ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും. ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തിന് കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ.സി വേണുഗോപാല്‍.
മോദിയെ പറ്റി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയെന്നതാണെന്നും വേണുഗോപാല്‍. മാത്രമല്ല, ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും. ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്നും പറഞ്ഞ കെ.സി എസ്.ഡി.പി.ഐ പിന്തുണ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് ഇന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും പറഞ്ഞു.
ഇന്നലെയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പണത്തിന് എത്തിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വയനാട്ടില്‍ എത്തിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് പതാക അവര്‍ ഉയര്‍ത്തിയില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.