വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ പേരിലുള്ള സാന്‍ അന്റോണിയോയിലെ ചരിത്രമുറങ്ങുന്ന മണ്ണിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്നാനായ കൂട്ടായ്മയ്ക്ക് നാളെ തിരി തെളിയാന്‍ പോകുന്നത്. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പതിനഞ്ചാമത് സമ്മേളനം.
അമേരിക്കയുടെ ചരിത്രത്തിലെയും ക്രൈസ്തവ ചരിത്രത്തിലെയും സുപ്രധാന ഇടമാണ് സാന്‍ അന്റോണിയോ. സാന്‍ അന്റോണിയോ എന്ന പട്ടണത്തെക്കാള്‍ വലുതാണ് അവിടുത്തെ ചരിത്രവും ഐതീഹ്യങ്ങളും വിശ്വാസവും. നദികളിലൂടെ പായ് വഞ്ചി പായിച്ച് പോര്‍ച്ചുഗീസുകാരും സ്പെയിന്‍കാരുമൊക്കെ എത്തിയ ചരിത്രത്തിനൊപ്പം വിശ്വാസികളെ സംബന്ധിച്ച് ദൈവാംശമുള്ള മണ്ണ്. അവിടെയാണ് ക്നാനായ വിശ്വാസികള്‍ കെ.സി.സി.എന്‍.എയ്ക്ക് കീഴില്‍ ഒത്തുകൂടാന്‍ പോകുന്നത്.
സാന്‍ അന്റോണിയോയിലെ ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷന്‍ സെന്റര്‍ ഇനിയുള്ള നാല് ദിവസം വിശ്വാസ നിറവിലും ആഘോഷ നിറവിലുമായിരിക്കും.
നാളെ മുതല്‍ ജൂലായ് 7വരെ നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനിലെ മുഖ്യാതിഥിയും ഉദ്ഘാടകനും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ്. അയ്യായിരത്തിലധികം പ്രതിനിധികളാണ് കണ്‍വെന്‍ഷനിലേക്ക് എത്താന്‍ പോകുന്നത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം കെ.സി.സി.എന്‍.എ സമ്മേളനത്തിന്റെ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ആര്‍ച്ച് ബിഷപ്പ് എത്തുന്നു എന്നതു കൂടി ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.
ഒപ്പം സ്പിരിച്വൽ ഡയറക്ടർ ഫാ.തോമസ് മുളവനാൽ, ക്നാനായ സമുദായാംഗവും മിസ്സോറി സിറ്റി മേയറുമായ റോബിൻ ഏലക്കാട്ട്, പ്രശസ്ത സിനിമാതാരം ലാലു അലക്‌സ്, സാൻ അന്റോണിയോ മേയർ റോൺ നീരെൻബെർഗ് എന്നിവരും മുഖ്യാതിഥികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സാൻ അന്റോണിയോയിൽ എത്തി കണ്‍വെന്‍ഷന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ്. കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമാക്കിൽ നയിക്കുന്ന കൺവെൻഷൻ കമ്മിറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്.
നാളെ രാവിലെ 9 മണിമുതല്‍ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 12 മണിക്കാണ് ഹോട്ടല്‍ ചെക്കിംഗ്. വൈകിട്ട് വൈകീട്ട് 4.30ന് വിശുദ്ധ കുര്‍ബാനയോടെയാകും സമ്മേളന നടപടികള്‍ ആരംഭിക്കുക. രാത്രി 8.30ന് പ്രമുഖ സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്ന കോമഡി ഷോ കണ്‍വെന്‍ഷന്റെ തുടക്കത്തിലെ പ്രധാന ആകര്‍ഷണമാകും. കണ്‍വെന്‍ഷനിലെ എന്റര്‍ടൈൻമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടാം ദിവസം രാവിലെ 7.30ന് വിശുദ്ധ കുര്‍ബാനയോടെയാകും ഉദ്ഘാടന സമ്മേളന നടപടികള്‍ ആരംഭിക്കുക. 9 മണിക്ക് ആരംഭിക്കുന്ന 21 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര സാന്‍ അന്റോണിയോയിലെ ആവേശകരമായ കാഴ്ചയായിരിക്കും. ക്നാനായ കൂട്ടായ്മയുടെ ചരിത്രം, പാരമ്പര്യം, പൈതൃകം, ജന്മനാടിന്റെ കലാ-സാംസ്കാരിക സവിശേഷതകള്‍ എല്ലാം കോര്‍ത്തിണക്കിയുള്ളതായിരിക്കും ഘോഷയാത്ര. 11 മണിക്കാണ് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടന പരിപാടികള്‍. ഉച്ചക്ക് ശേഷം ക്നാനായ മന്ന & മങ്ക മത്സരവും, യൂണിറ്റ്തല കലാപരിപാടികളുംനടക്കും. കൂടാതെ പ്രശസ്ത സിനിമ കോമഡി താരങ്ങളായ അസ്സീസ് നെടുമങ്ങാടും രാജേഷ് പറവൂരും പങ്കെടുക്കുന്ന ചിരിയരങ്ങ്, വിവിധ യൂത്ത് പ്രോഗ്രാം, പ്രശസ്ത സ്റ്റാൻഡ് അപ്പ് കോമേഡിയന്‍ ആകാശ്‌സിംഗിന്റെ പ്രകടനം എന്നിവ നടക്കും.
മൂന്നാം ദിനം ജൂലൈ 6 – ന് സ്പോർട്സ് മത്സരങ്ങൾ ,സെമിനാറുകൾ, പാനൽ ചര്‍ച്ചകള്‍, യൂണിറ്റ് കലാപരിപാടികൾ, മത്സരങ്ങൾ, KCYLNA അവതരിപ്പിക്കുന്ന മിസ്റ്റർ & മിസ്സിസ് ക്നാ / ബാറ്റിൽ ഓഫ് സിറ്റീസ്, ഔട്ട്ഡോർ യൂത്ത് പരിപാടികൾ തുടങ്ങിയവ നടക്കും.
ജൂലൈ 7ന് ഞായറാഴ്ച 300ല്പരം കലാകാന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളം സമാപന ദിവസത്തിലെ ഏറ്റവും ആവേശകരമായ മുഹൂര്‍ത്തമാകും. ഇതിനായി ആറംഗ സെൻട്രൽ ചെണ്ടമേള കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും ചെണ്ടമേളം പ്രാക്ടീസ് തുടരുകയാണ്. ഇതോടൊപ്പം അമേരിക്കയിൽ ആദ്യകാലത്തു കുടിയേറിയ ക്നാനായ സഹോദരങ്ങളെ ആദരിക്കും. വുമൺസ് ഫോറം അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് സമാപന ദിനത്തിലെ മറ്റൊരു ആകര്‍ഷണാകും. ഒപ്പം വിവിധ കലാപരിപാടികള്‍, സമാപന സമ്മേളനം, അവാർഡ് ദാനം, അത്താഴ വിരുന്ന് എന്നിവയോടെ 15-ാമത് കെ.സി.സി.എൻ.എ കൺവെന്‍ഷന് തിരശ്ശീല വീഴും.
Click on the link below for the detailed schedule of the four day KCCNA convention in PDF Formate
(KCCNA-Convention-Schedule)Download
KCCNA National convention will begin tomorrow