വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ 15ാം കണ്‍വെന്‍ഷന് സാന്‍ അന്റോണിയോയില്‍ പുരോഗമിക്കെ ക്നാനായ സമുദായത്തിന്റെ ശക്തിയും ഐക്യവും വെളിച്ചത്തു കൊണ്ടുവരുന്ന മനോഹരമായ പരിപാടികളാൽ നിറഞ്ഞ് രണ്ടാം ദിനം. കലാ സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു രണ്ടാം ദിനം. പ്രായഭേദമെന്യേ എല്ലാവരും ആ പരിപാടിയിൽ അണിനിരന്നു എന്നതായിരുന്നു വലിയ പ്രത്യേകത. കണ്ണിനും കാതിനും മനസ്സിനും കുളിർമയേകിയ സ്കിറ്റുകളും നൃത്ത ഗാന മേളങ്ങളും പരിപാടിയെ സാംസ്കാരികമായി സമ്പന്നമാക്കി. ഹൂസ്റ്റൺ ചാപ്റ്ററും ഡാളസ് ചാപ്റ്റവും അവതരിച്ച 916 ക്നാനായ ഗോൾഡ് ഉൾപ്പടെയുള്ള സ്കിറ്റുകൾ ആകർഷകമായിരുന്നു.
ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രസിദ്ധമായ അതി മനോഹരമായ സാന്‍ അന്റോണിയോയിലെ ഹെന്‍ട്രി ബി ഗോണ്‍സാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. രണ്ടാം ദിനത്തിലെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്ന് ക്നാനായ മങ്ക – മന്നൻ പേജൻ്റായിരുന്നു.
സൗന്ദര്യം എന്നത് അഴകളുവുകളുടെ കൃത്യമായ ചേരുവകളാണ് എന്നതൊക്കെ പഴയ കഥ. ഭംഗിയുടെ നിർവചനം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന്റെയും ആറ്റിറ്റ്യൂഡിനേയും ആശ്രയിച്ചിരിക്കുന്ന പുതിയ കാലത്ത് വളരെ മനോഹരമായി ഒരു സൗന്ദര്യ മൽസരം നടത്തിയിരിക്കുകയാണ് കെസിസിഎൻഎ വേദി.
സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വേറിട്ട അനുഭവമാണ് മലയാളി മങ്ക – മന്നൻ മൽസരം സമ്മാനിച്ചത്. വിവിധ കലാ വിരുന്നൊരുക്കി വ്യത്യസ്ത വിഭാഗങ്ങളിലായി മൽസരാർഥികൾ വേദിയെ ധന്യമാക്കി. 20 പേർ മാറ്റുരച്ച പരിപാടിയിൽ ഹൂസ്റ്റണിൽ നിന്നുള്ള ലിൻ വിക്ടർ നീറ്റുകാട്ട് ക്നാനായ മങ്കയായി തിരഞ്ഞെടുക്കപ്പെട്ടു. ലോസാഞ്ചലസിൽ നിന്നുള്ള ജോജി മണലേൽ ആണ് ക്നാനായ മന്നൻ.
വിവിധ യൂണിറ്റുകൾ മാറ്റുരയ്ക്കുന്ന കൾച്ചറൽ പ്രോഗ്രാമുകൾ നടന്നു കൊണ്ടിരിക്കുകയാണ്. മൂന്നു വിഭാഗങ്ങളിലായാണ് മൽസരം നടക്കുന്നത്. കൾച്ചറൽ കമ്മിറ്റിയുടെ ഉദ്ഘാടനം കെസിസിഎൻഎ പ്രസിഡൻ്റ് ഷാജി എടാട്ട് നിർവഹിച്ചു. തുടർന്ന് ആരംഭിച്ച കൾച്ചറൽ പ്രോഗ്രാം മൽസരത്തിൽ ആദ്യം രംഗത്ത് എത്തിയത്ത് ഡിട്രോയിറ്റ് യൂണിറ്റാണ്. തുടർന്ന് അറ്റ്ലാൻ്റയും സാൻഹോസേയും രംഗത്തു വന്നു. വരും ദിവസങ്ങളിലും മൽസര പരിപാടികൾ തുടരും.
KCCNA Convention Cultural program