കെസിസിഎൻഎ കൺവെൻഷൻ രജിസ്ട്രേഷൻ പൂർത്തിയായി; സാൻ ആന്റോണിയ ഡൗൺ ടൗൺ ഒരുങ്ങി, ഇനി കാണാം പൊടിപാറും മേളപ്പൂരം

വടക്കേ അമേരിക്കയിലെ ക്നാനയ സമുദായം വളരെ ആവേശത്തോടെ  കാത്തിരിക്കുന്ന ക്നാനായക്കാരുടെ പ്രവാസി മാമാങ്കമായ ക്നാനായ കാത്തലിക് കോൺഗ്രസ്‌ ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷണൽ ഫാമിലി കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയ്യായിരത്തോളം സമുദായാംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി ഏടാട്ടും കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും  അറിയിച്ചു.

അമേരിക്കയിലേയും കാനഡയിലുമായി നാല്പതിനായിരത്തിലധികം വരുന്ന ക്നാനായക്കാർ  ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് 2024ലെ കണ്‍വെന്‍ഷന്‍.  കൺവെൻഷന്റെ രജിസ്ട്രേഷൻ ജൂൺ 15-ന്  പൂര്‍ത്തിയായപ്പോള്‍  സംഘാടകരുടെ പ്രതീക്ഷകൾ തന്നെ തെറ്റി.  1000ന് മുകളിലുള്ള    രജിസ്ട്രേഷനിലൂടെ 5000-ത്തോളം സമുദായംഗങ്ങൾ കണ്‍വെന്‍ഷനിലേക്ക് എത്തുന്നത് വലിയ ആവേശമാണ് ഉണ്ടാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രജിസ്ട്രേഷന് വേണ്ടി സഹകരിച്ച എല്ലാവരെയും കെ.സി.സി.എന്‍.എ എക്സിക്യുട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. 

ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ  ജൂലൈ 4 ,5 ,6 ,7 തീയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി  ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഗ്രാൻഡ് ഹയത്ത്, മാരിയട്ട് റിവർ വാക്, മാരിയട്ട് റിവർ സെന്റർ എന്നീ മൂന്നു ഹോട്ടലുകളിലായിയാണ്‌ കൺവെനിഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം.

സ്വന്തം ജനത്തോടുള്ള ആത്മബന്ധത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന വടക്കേ അമേരിക്കയിലെ ക്നാനായ സ്നേഹസംഗമത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.

“ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !” എന്നതാണ് ഇത്തവണത്തെ കൺവൻഷന്റെ തീം.  ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും  വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും, തങ്ങളുടെ പൂർവ്വികർ പകർന്നു നൽകിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകർന്നു നൽകുമെന്നും ദൃഢമായി പ്രഖ്യാപിച്ചുണ്ടാണ് കണ്‍വെന്‍ഷന് വേണ്ടി ഓരോ അംഗങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവർക്കായി അവരുടെ അഭിരുചികൾക്കനുസൃതമായ മനോഹരമായ പരിപാടികൾ അവതരിപ്പിക്കും. അഭൂതപൂർവ്വമായ യുവജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കൺവെൻഷൻ ശ്രദ്ധയാകർഷിക്കും. ഇത്തവണ ആയിരത്തഞ്ഞൂറോളം  യുവതിയുവാക്കള്‍ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.   33 വയസ് പിന്നിട്ട അവിവിവാഹാതിരായ യുവജനങ്ങൾക്കായി ഇത്തവണ പ്രത്യേകമായ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു.

പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന  റിമി ടോമി ലൈവ് മെഗാ ഷോ  “മ്യൂസിക്കൽ  & കോമഡി നൈറ്റ് ” , 300 -ല്പരം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം , ലോക പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ആകാശ് സിങ് ഷോ, പ്രശസ്‌ത ഡിജെ & ഡ്രമ്മർ DJ iLLEST  പെർഫോർമൻസ് എന്നിവ ഇത്തവണത്തെ കൺവൻഷൻന്റെ പ്രധാന ആകർഷണമാകും.

യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കൺവൻഷൻ റാലി, പ്രബന്ധങ്ങൾ, പ്രമേയങ്ങൾ ,സെമിനാറുകൾ , പൂർവികരെ ആദരിക്കൽ ,യുവജനങ്ങൾക്കുള്ള പ്രത്യക വിനോദ പരിപാടികള്‍ തുടങ്ങി നിരവധി വർണ്ണാഭമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് . വിശദമായ പ്രോഗ്രാം ഷെഡ്യൂൾ ഉടനെ പ്രസിദ്ധീകരിക്കും .

കൺവൻഷൻറെ രണ്ടാം ദിനം ജൂലൈ 5- ന് രാവിലെ  9 മണിക്ക് 21  യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും . കെ.സി.സി.എൻ.എ ദേശീയ കൺവൻഷനെ വർണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു പ്രോസഷൻ കമ്മറ്റി അറിയിച്ചു .

അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ ഇന്ത്യൻ റെസ്റ്റോറന്റുകളാണ് കൺവൻഷനായി ഫുഡ് ഒരുക്കുന്നത് .ഈ മേഖലയിൽ പരിണിത പ്രജ്ഞരായ ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടൻ കേരളീയ വിഭവങ്ങളും ,നോർത്ത് ഇന്ത്യൻ,ചൈനീസ്, കോണ്ടിനെന്റൽ ഡിഷുകൾ കോർത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത്  .

സാൻ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകൾ കോർത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ്, സൈറ്റ് സീങ് ആൻഡ് ഡെസ്റ്റിനേഷൻ എക്സ്പിരിയൻസ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് . കൺവെൻഷനൊടൊപ്പം സാൻ അന്റോണിയോ എക്സ്പീരിയൻസ് ചെയ്യുവാൻ ഇതു ഉപകരിക്കും .

അമേരിക്കയിലെ,ചിക്കാഗോ, ന്യൂയോർക്, ഹൂസ്റ്റൺ, ഡാളസ്, സാൻ അന്റോണിയോ, ബോസ്റ്റൺ, ഫിലെഡെൽഫിയ, വാഷിംഗ്ടൻ ഡിസി, അറ്റ്ലാന്റ, ടാമ്പ, മായാമി, ലാസ് വേഗസ്, ലോസ് ഏഞ്ചൽസ്, സാൻ ഹോസേ, സാക്രമെന്റോ, ഒഹ യോ,ഡിട്രോറ്റ്-വിൻഡ്‌സ്സർ,മിന്നസോട്ട യൂണിറ്റുകളിൽ നിന്നും, കാനഡയിലെ കാനഡ, കാൽഗറി യൂണിറ്റുകളിൽ നിന്നുമായി അതിരില്ലാത്ത ആവേശത്തോടെ, സഹപാഠികളെയും, ബന്ധുക്കളെയും, നാട്ടിലെ ഇടവക പ്രതികളെയും കാണാന്‍ ആവേശത്തോടെയാണ് ഓരോരുത്തരും സമ്മേളന നഗരയിലേക്ക് എത്താന്‍ പോകുന്നത്.

ഇന്ത്യയിൽ നിന്നും ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ക്നാനായ സമുദായ നേതാക്കളും  ആത്മീയാചാരന്മാരും പ്രതിഭകളും ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സമുദായ കൺവൻഷനിൽ  പങ്കെടുക്കുവാൻ എത്തിച്ചേരും.

വാര്‍ത്ത- ബൈജു ആലപ്പാട്ട് പിആര്‍ഒ