ക്നാനായ സമുദായത്തിന്റെ ഐക്യവും അഖണ്ഡതയും അഭിമാനവും വിളിച്ചോതി കെസിഎസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്. ഒരു സമുദായം അതിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി എങ്ങനെ പരസ്പരം താങ്ങും തണലുമായി നിൽക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ക്നാനായ നൈറ്റ്. ക്നാനായ കൂട്ടായ്മയുടെ ശക്തിയും സൌന്ദര്യവും അതിൻ്റെ പൂർണതയിൽ ദൃശ്യമായ പരിപാടിയിൽ എല്ലാ സമുദായ അംഗങ്ങളും സജീവമായി പങ്കെടുത്തു, പരിപാടികൾ അവതരിപ്പിച്ചു, പരസ്പരം പ്രോൽസാഹിപ്പിച്ചു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ അരങ്ങിൽ അണിനിരന്നു. 400 ൽ ഏറെ പേർ വിവിധ കലാവിരുന്നമായി അരങ്ങിനെ ധന്യമാക്കി.
കെസിസിഎൻഎ പ്രസിഡൻ്റ് ഷാജി എടാട്ട് ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിനൊപ്പം ക്നാനായ സമുദായവും പൈതൃകത്തിൽ ഉറച്ചുനിന്നുകൊണ്ട് മാറ്റത്തിൻ്റെ പാതയിലാണെന്നും സമുദായ പുരോഗതിക്കു വേണ്ടി ക്നാനായ സമുദായത്തിലെ യുവാക്കൾ മുന്നോട്ടു വരുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ഷാജി എടാട്ട് പറഞ്ഞു. എന്നാൽ പിന്നിട്ട വഴികളും സമുദായത്തെ കെട്ടിപ്പടുക്കാൻ മുൻപ് നടന്നവർ സഹിച്ച കഷ്ടപ്പാടുകളും അവരുടെ കഠിനാധ്വാനവും എന്നും ഓർമിക്കപ്പെടെണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചിക്കാഗോയിൽ ക്നാനായ സമുദായത്തിനു വേണ്ടി ഒരു മികച്ച കമ്യൂണിറ്റി സെൻ്റർ നിർമിക്കണമെന്ന ആവശ്യവും ആഗ്രഹവും അദ്ദേഹം മുന്നോട്ടു വച്ചു.
ചിക്കോഗോ കെസിഎസ് പ്രഡിഡന്റ് ജയിൻ മാക്കിൽ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള കെസിഎസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ച അദ്ദേഹം സമുദായത്തിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കാനും യുവാക്കളേയും കുട്ടികളേയും സമുദായത്തിന്റെ മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്താനും കെസിഎസ് സംഘടിപ്പിച്ച പരിപാടികളെ കുറിച്ചു വിവരിച്ചു. ആ പരിപാടികളുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചു. ക്നാനായ നൈറ്റ് സ്പോൺസർ ചെയ്യുന്ന മിഡ്വെസ്റ്റ് ഇലക്ട്രോണിക്സ് കോർപറേഷന് നന്ദിയും അറിയിച്ചു.
കെസിസിഎൻഎ കൺവൻഷനിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചതും ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചതും ചിക്കാഗോ കെസിഎസ് ആയിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ആർവിപി സ്റ്റീഫൻ കിഴക്കേക്കുറ്റിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചിക്കാഗോയുടെ വളർച്ചയിൽ ക്നാനായ സമുദായ കൂട്ടായ്മയുടെ വിജയം കൂടിയുണ്ടെന്നും , ഈ സ്നേഹ കൂട്ടായ്മ ക്നാനായ സമുദായത്തിന്റെ അഭിമാന മുഹൂർത്തമാണെന്നും ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച ബെൻസൺവിൽ സേക്രഡ് ഹാർട്ട് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ . ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്, കാരണം അത്ര മനോഹരമായ കലാപരിപാടികളാണ് ഈ വേദിയിൽ അരങ്ങേറുന്നത് ഫാ. ബിൻസ് പറഞ്ഞു.
ക്നാനായ നൈറ്റ് എല്ലാ ക്നാനാക്കാരൻ്റേയും കലാ മാമാങ്കമാണെന്നും കിൻ്റൺഗാർട്ടൻ കുട്ടികൾ മുതൽ വയോധികർ വരെ അരങ്ങു തകർക്കുന്ന ഈ കലാരാവ് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയാണെന്നും ചിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കുറ്റ് പറഞ്ഞു. സഭയും സമുദായവും ഒന്നിച്ചു നിന്നാൽ മാത്രമേ സമുദായത്തിന് യഥാർഥ വളർച്ച സാധ്യമാവൂ എന്നും സ്റ്റീഫൻ പറഞ്ഞു.
ചിക്കാഗോയിലെ ക്നാനായ സമുദായത്തിൽ നിന്ന് വിവിധ അംഗീകാരങ്ങൾ നേടിയവരെ ചടങ്ങിൽ ആദരിച്ചു. മാധ്യമ രംഗത്തെ സംഭാവനകൾ മാനിച്ച് എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റിന് അവാർഡ് സമ്മാനിച്ചു.
ക്നാനായ യുവജനോൽസവത്തിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ചടങ്ങിൽ അഭിന്ദിച്ചു. കലാതിലകം ലെന മാത്യു കുരുട്ടുപറമ്പിൽ, കലാ പ്രതിഭ ജേക്കബ് മാപ്ലേറ്റ്, സാന്ദ്ര കുന്നശ്ശേരിൽ , ലിയോണ മ്യാക്കരപ്പറത്ത്, ജിയ പുന്നശേരിൽ, ഇലോറ മ്യാക്കരപ്പറത്ത് എന്നിവർക്കും അംഗീകാരം നൽകി. ബിജു തിരുത്തി മെമ്മോറിയൽ ബാഡ്മിൻ്റൺ ചാംപ്യൻഷിപ് നേടിയ ജോജോ ആലപ്പാട്ട് , സുദീപ് മാക്കിയിൽ എന്നിവർക്ക് ട്രോഫി സമ്മാനിച്ചു. വിവിധ പരിപാടികളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ബിനു എടക്കര, അലക്സ് കിഴക്കുപറമ്പ്,അഭിലാഷ് നെല്ലാമറ്റം, മഞ്ജു കോലപ്പള്ളിൽ, സാജു കണ്ണമ്പള്ളി, ആൻസി കൂപ്ലക്കാട്ട്, ഷാനിൽ പീറ്റർ, മഞ്ജരി തേക്കുനിൽക്കുന്നതിൽ,ബെന്നി തിരുനെല്ലിപ്പറമ്പിൽ, ടോം പുത്തൻപുരയ്ക്കൽ, ടോമി പുല്ലുകാട്ട്, സിറിയക് കല്ലിടുക്കിൽ, ജിബു കുളങ്ങര, മനോജ് വഞ്ചിയിൽ, ബെന്നി തിരുനെല്ലിപ്പറമ്പിൽ, ജിനു പുന്നശേരിൽ, ബിബി കല്ലടിക്കൽ, മിനി എടാട്ട്, നിമിഷ നിഖിൽ,ജോബി പണയംപറമ്പിൽ എന്നിവരെ അഭിനന്ദിച്ചു.
കെസിഎസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടില്‍ സ്വാഗതം പറഞ്ഞു. KCWFNA സെക്രട്ടറി ഷൈനി വിരുതുകുളങ്ങര, KCS ചിക്കാഗോ വുമൺസ് ഫോറം പ്രസിഡൻ്റ് ടോഷ്മി കൈതക്കത്തൊട്ടിയിൽ, യുവജനവേദി നാഷനൽ പ്രസിഡൻ്റ് ആൽവിൻ പുലിക്കുന്നേൽ, KCYL നാഷനൽ വൈസ് പ്രസിഡൻ്റ് ആൽവിൻ പിണർകയിൽ, KCYL ചിക്കാഗോ പ്രസിഡൻ്റ് ബെനഡിക്ട് തിരുനെല്ലിപ്പറമ്പിൽ , കെസിഎസ് ചിക്കാഗോയുടെ നിയുക്ത പ്രസിഡൻ്റ് ജോസ് ആനമല എന്നിവർ പ്രസംഗിച്ചു.
കെസിഎസ് ജനറല്‍ സെക്രട്ടറി സിബു കുളങ്ങര പരിപാടിയുടെ കോർഡിനേറ്ററായിരുന്നു. കെസിഎസ്ട്ര ഷറര്‍ ബിനോയ് കിഴക്കനടി,കെസിഎസ് ജോ. സെക്രട്ടറി തോമസ്കുട്ടി തേക്കുംകാട്ടില്‍, മജോ വട്ടപ്പള്ളിൽ, പുതിയ ഭരണ സമിതി ഭാരവാഹികൾ, വിവിധ ഉപ സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചിക്കാഗോ വുമൺസ് ഫോറം സാരഥികളായ ഷൈനി വിരുതുകുളങ്ങര, ടോസ്മി കൈതകത്തൊട്ടിയിൽ, ഫെബിൻ തെക്കനാട്ട്,ഡോ. സൂസൻ എടക്കത്തറയിൽ, ബിനി മണപ്പള്ളിൽ എന്നിവർ നേതൃത്വം നൽകിയ വനിതകളുടെ കലാവിരുന്ന് അതി ഗംഭീരമായി.
റിപ്പോർട്ട്- മനോജ് വഞ്ചിയിൽ
kCS Chicago Knanaya night meeting report