ഡാളസില്‍ സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ തുടക്കം

ഡാളസ്: കേരള എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ 27ാമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ (വെള്ളി ) ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് (2112, Old Denton Rd, Carrollton, TX 75006) തുടക്കം കുറിക്കും.

പ്രമുഖ ധ്യാനഗുരുവും, ആത്മീയ പ്രഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ സഖറിയാസ് മാര്‍ ഫിലക്സിനോസ് മെത്രാപ്പൊലീത്താ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെയും നടത്തപ്പെടുന്ന കണ്‍വെന്‍ഷന് മുഖ്യ സന്ദേശം നല്‍കും.

കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും ഡാളസിലെ 21 ഇടവകകളിലെ ഏകദേശം 75 അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ ഉണ്ടായിരിക്കും.

റവ. ഫാ. പോള്‍ തോട്ടയ്ക്കാട് പ്രസിഡന്റും റവ. ഷൈജു സി. ജോയ് വൈസ് പ്രസിഡന്റും, ഷാജി എസ്. രാമപുരം ജനറല്‍ സെക്രട്ടറിയും, എല്‍ദോസ് ജേക്കബ് ട്രസ്റ്റിയും, ജോണ്‍ തോമസ് ക്വയര്‍ ഡയറക്ടറും, പ്രവീണ്‍ ജോര്‍ജ്ജ് യൂത്ത് കോര്‍ഡിനേറ്ററുമായ 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഡാളസിലെ കെ.ഇ.സി.എഫ് (KECF) ന് നേതൃത്വം നല്‍കുന്നത്.

ഡാളസിലെ എല്ലാ വിശ്വാസികളേയും വെള്ളി, ശനി, ഞായര്‍ ( 2, 3, 4) ദിവസങ്ങളില്‍ നടത്തപ്പെടുന്ന ഈ സംയുക്ത സുവിശേഷ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

More Stories from this section

family-dental
witywide