ന്യൂഡൽഹി: ജാതി അറിയാത്തവരാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്ന ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധി. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു ഠാക്കൂറിന്റെ പരിഹാസം. എന്നാൽ എത്രവേണമെങ്കിലും പരിഹസിച്ചോളൂ എന്നും താൻ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർ അപമാനിക്കപ്പെടുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. നിങ്ങൾക്ക് അപമാനിക്കാവുന്നിടത്തോളം അപമാനിക്കാം. എന്നാൽ ജാതി സെൻസസ് പാർലമെന്റിൽ പാസാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, താൻ ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ ഠാക്കൂറിന്റെ പ്രതികരണം. ജാതിയെക്കുറിച്ച് അറിയാത്ത ഒരാൾ സെൻസസിനെ കുറിച്ച് സംസാരിക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഠാക്കൂറിൽ നിന്ന് മാപ്പ് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.