ലണ്ടൻ: മുൻ പ്രധാനമന്ത്രി ഋഷി സുനക്ക് നടപ്പാക്കിയ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദമായ പദ്ധതിയാണ് റുവാണ്ട പദ്ധതി. പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്റ്റാമറുടെ ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമുണ്ടാക്കിയിരുന്നു.
റുവാണ്ട പദ്ധതി മരിച്ചതാണെന്നും തുടങ്ങും മുന്‍പേ ഒടുങ്ങിയതാണെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കിയേർ സ്റ്റാമർ വ്യക്തമാക്കി. ഇത്തരം സൂത്രപ്പണികളുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയാൽ പദ്ധതി റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരവധി ഇന്ത്യക്കാരെയും ബാധിക്കുന്നതായിരുന്നു റുവാണ്ട പദ്ധതി. പദ്ധതിക്കായി 3.2 കോടി പൗണ്ടാണ് (ഏകദേശം മൂവായിരം കോടിയോളം രൂപ) ബ്രിട്ടിഷ് സർക്കാർ ചെലവഴിച്ചത്.
keir starmer cancelled rwanda project