ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനു മുന്നോടിയായി നടക്കുന്ന ആറാംഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. നിരവധി പ്രമുഖര്‍ സ്ഥാനാര്‍ത്ഥിയായും വോട്ടറായും രംഗത്തെത്തുന്ന ഒരു ഘട്ടം കൂടിയാണ് ഇന്ന് കടന്നു പോകുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അടക്കം വോട്ട് രേഖപ്പടുത്തി. ഇപ്പോഴിതാ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്.
മദ്യനയ കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭാര്യ സുനിതയ്ക്കും മകനും മകള്‍ക്കും പിതാവിനും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ അച്ഛനും ഭാര്യയും മക്കളും ഞാനും വോട്ട് ചെയ്തു. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഇന്ന് വരാന്‍ കഴിഞ്ഞില്ല. സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ഞാന്‍ വോട്ട് ചെയ്തത്. പുറത്തിറങ്ങി വോട്ടുചെയ്യാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’-അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും ഇന്ന് വോട്ട് ചെയ്തു. 11 മണിവരെയുള്ള കണക്ക് പ്രകാരം പോളിങ് ശതമാനം 26 പിന്നിട്ടു.