ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവാദ മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്നെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി കോടതിയുടെ ജൂണ്‍ 26ലെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു.
ശനിയാഴ്ച, കെജ്രിവാളിന്റെ മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിന് ശേഷം, ഡല്‍ഹി കോടതി അദ്ദേഹത്തെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു.
മദ്യനയ കേസിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് കെജ്രിവാള്‍ എന്നാണ് സിബിഐയും ആരോപിക്കുന്നത്. അതേസമയം, കെജ്രിവാള്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടി നല്‍കിയെന്നും ചൂണ്ടിക്കാട്ടി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചേക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
മദ്യ നയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ ജൂണ്‍ 26 നാണ് സിബിഐ അറസ്റ്റ് ചെയ്തത്.