കെജ്രിവാള്‍ ആരോഗ്യവാന്‍ ; ഇന്‍സുലിന്‍ ഡോസ് തുടരാമെന്ന് മെഡിക്കല്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ കേസില്‍ ഇഡി അറസ്റ്റിലായി തിഹാര്‍ ജയിലില്‍ ഡല്‍ഹി കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോഗ്യവാനാണെന്നും രണ്ട് യൂണിറ്റ് ഇന്‍സുലിന്‍ എടുക്കുന്നത്‌ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട്. ഡല്‍ഹി കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡാണ് കെജ്രിവാളിനോട് ജയിലില്‍ രണ്ട് യൂണിറ്റ് ഇന്‍സുലിന്‍ തുടരാന്‍ ആവശ്യപ്പെട്ടത്.

നിര്‍ദ്ദേശിച്ച മരുന്നുകളുടെ പട്ടികയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഡല്‍ഹി കോടതിയുടെ നിര്‍ദേശപ്രകാരം എയിംസിലെ അഞ്ച് ഡോക്ടര്‍മാരുടെ സംഘം ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കെജ്രിവാളിന്റെ ആരോഗ്യനില വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ച ആദ്യം ഷുഗര്‍ ലെവല്‍ 320 ആയി ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ വെച്ച് കെജ്രിവാളിന് ആദ്യത്തെ ഇന്‍സുലിന്‍ ഡോസ് നല്‍കിയിരുന്നു.

ഡല്‍ഹി എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 1 മുതല്‍ തിഹാര്‍ രണ്ടാം നമ്പര്‍ ജയിലില്‍ തടവിലാണ്.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഡോക്ടറുമായി സംവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി തള്ളിയിരുന്നു. എങ്കിലും ടൈപ്പ് 2 പ്രമേഹരോഗിയായ കെജ്രിവാളിന് ഇന്‍സുലിന്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ എയിംസിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. കൂടാതെ, വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും കോടതി അനുവദിച്ചിരുന്നു, എന്നാല്‍ കെജ്രിവാളിന്റെ ഡോക്ടര്‍ നല്‍കിയ ഡയറ്റ് ചാര്‍ട്ട് കര്‍ശനമായി പാലിക്കണമെന്ന് കോടതി പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കെജ്രിവാള്‍ മനഃപൂര്‍വം മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുവെന്നും ഇത് മെഡിക്കല്‍ ജാമ്യത്തിന് കാരണമായേക്കുമെന്നും ഇഡി ആരോപിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

അതിനിടെ പ്രമേഹത്തിനുള്ള ഇന്‍സുലിനും മറ്റ് മരുന്നുകളും നിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് എഎപി ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide