ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയകേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യപരിധി ഇന്ന് അവസാനിക്കുകയാണ്. ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടെണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ ഇന്ന് സമര്‍പ്പിച്ച അപേക്ഷയെ ഇഡി ശക്തമായാണ് എതിര്‍ത്തത്. അപേക്ഷയില്‍ തന്റെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയ കെജ്രിവാളിന് ഇഡി കനത്ത തിരിച്ചടിയാണ് നല്‍കിയത്. കെജ്രിവാളിന്റെ ഭാരം കുറഞ്ഞെന്ന് വെറുതേ പറയുകയാണെന്നും ഒരു കിലോ വര്‍ധിക്കുകയാണ് ചെയ്തതെന്നും ഇഡി കോടതിയില്‍ വാദിച്ചു.
കഴിഞ്ഞ മാസം സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ അപേക്ഷയെ എതിര്‍ത്ത ഇഡി കെജ്രിവാള്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നും അവകാശപ്പെട്ടു. ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം തന്റെ ഭാരം ആറ് കിലോഗ്രാം കുറഞ്ഞുവെന്നാണ് കെജ്രിവാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. ഈ വാദമാണ് അസത്യമെന്ന് പറഞ്ഞാണ് ഇഡി നിഷേധിച്ചത്.
ഡല്‍ഹി കോടതി വിഷയം പരിഗണിക്കുന്നത് ഇനി ജൂണ്‍ 5 ലേക്കാണ് മാറ്റിയത്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ജൂണ്‍ 2 ന് കെജ്രിവാള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണം.