ഡൽഹിയിലെ തിരഞ്ഞെടുപ്പിനു മുമ്പ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കിട്ടിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെജ്‌രിവാളിന്റെ ഹർജിയിലെ വാദം ചൊവ്വാഴ്ച വീണ്ടും തുടരും. ‘ഇടക്കാല ജാമ്യം നൽകും എന്ന് പറയുന്നില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടി വരും’ – ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എന്നാണെന്ന് ആരാഞ്ഞ കോടതി, മേയ് 25-നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടക്കാല ജാമ്യം സംബന്ധിച്ചകാര്യം പറഞ്ഞത്.

എന്തൊക്കെ ജാമ്യവ്യവസ്ഥകള്‍ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശം ആരാഞ്ഞു. വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി. എതിർത്തു. തിരഞ്ഞെടുപ്പ് ക്യാംപെയ്നുകളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ പേരില്‍ ‘ക്രിമിനല്‍’ രാഷ്ട്രീയക്കാര്‍ക്ക് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് 87 പേജുള്ള സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി.

കെജ്‌രിവാളിനെതിരെയുള്ള കുറ്റം ഇഡിക്ക് കണ്ടെത്താനായില്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഒരു സാക്ഷി മൊഴിയാണ് ആശ്രയിക്കുന്നതെങ്കില്‍ സാക്ഷിയുടെ നേരത്തെയുള്ള വിരുദ്ധ മൊഴികളും പരിഗണിക്കണമെന്ന് സിങ്‌വി കൂട്ടിച്ചേര്‍ത്തു. തന്റെ മകന്‍ രാഘവിന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ എംപിയായ മഗുന്ദ ശ്രീനിവാസലു റെഡ്ഢി നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും സിങ്‌വി പറഞ്ഞു.

മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. എന്നാൽ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലിൽ നിന്ന് ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് റാലികളിൽ കെജ്‌രിവാളിന്റെ അറസ്റ്റ് വൻതോതിൽ ചർച്ചയാവുകയും ചെയ്തു.

Kejriwal may get interim bail from Supreme Court

More Stories from this section

family-dental
witywide