മദ്യനയ അഴിമതിയുടെ പണം എവിടെ?കെജ്രിവാള്‍ നാളെ സത്യം വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാളെ സത്യം വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍. പത്രസമ്മേളനം നടത്തിയാണ് സുനിത ഇക്കാര്യം പറഞ്ഞത്‌.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും മാര്‍ച്ച് 28 വ്യാഴാഴ്ച കോടതിയില്‍ അദ്ദേഹം വെളിപ്പെടുത്തുമെന്നും തെളിവു നല്‍കുമെന്നും ഭാര്യ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി സുനിത , അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

”…രണ്ട് ദിവസം മുമ്പ് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ജല-അഴുക്കുചാല്‍ പ്രശ്നങ്ങളെക്കുറിച്ച് ജലമന്ത്രി അതിഷിക്ക് കത്തയച്ചു… കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. ഡല്‍ഹിയെ നശിപ്പിക്കണോ? ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതില്‍ അരവിന്ദ് കെജ്രിവാള്‍ വളരെ വേദനിക്കുന്നു… മദ്യ അഴിമതി എന്ന് പറയുന്ന കേസില്‍ ഇഡി 250 ലധികം റെയ്ഡുകള്‍ നടത്തി. ഈ അഴിമതിയുടെ പണമാണ് അവര്‍ അന്വേഷിക്കുന്നത്. അവര്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല… മാര്‍ച്ച് 28 ന് കോടതിയില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യ അഴിമതിയുടെ പണം എവിടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തും… തെളിവ് നല്‍കുമെന്നും” സുനിത കെജ്രിവാള്‍ പറഞ്ഞു.

മാര്‍ച്ച് 21 നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് 28 വരെ കോടതി ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. നയ രൂപീകരണത്തിലെ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ 2022 ജൂലൈയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) വിനയ് കുമാര്‍ സക്സേനയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേസുണ്ടായത്. എക്‌സൈസ് മന്ത്രി എന്ന നിലയില്‍ സിസോദിയ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഖജനാവിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പരാതിയുണ്ട്.

Kejriwal will reveal the truth tomorrow says wife

More Stories from this section

family-dental
witywide