
ന്യൂഡല്‍ഹി: മദ്യനയകേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി തള്ളുകയും അറസ്റ്റ് ശരിവെക്കുകയും ചെയ്ത ഇന്നലത്തെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചില്ല. തന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാത്തതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ വാരാന്ത്യത്തില്‍ തിഹാര്‍ ജയിലില്‍ കഴിയേണ്ടിവരും. കാരണം അടുത്ത നാല് ദിവസങ്ങള്‍ സുപ്രീം കോടതി അവധിയിലായിരിക്കും. അവധിക്കുശേഷം ഇനി തിങ്കളാഴ്ച മാത്രമേ കോടതിയുള്ളൂ. കെജ്രിവാളിന് വ്യക്തിപരമായും രാഷ്ട്രീയപരമായും ഇത് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
തിങ്കഴാഴ്ച ഹര്‍ജി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടിയും കെജ്രിവാളും. കെജ്രിവാളിന്റെ അപ്പീലില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ചിന് ഇന്ന് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ കലണ്ടര്‍ അനുസരിച്ച്, വ്യാഴാഴ്ച ഈദുല്‍ ഫിത്തറിനായി കോടതി അടയ്ക്കും, വെള്ളിയാഴ്ച പ്രാദേശിക അവധിയും ശനി, ഞായര്‍ അവധിദിനങ്ങളും കഴിഞ്ഞ് തിങ്കളാഴ്ചയേ ഇനി കോടതി വീണ്ടും തുറക്കൂ.
കെജ്രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം ഉന്നയിച്ച് അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല.