ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ജയില്‍ മോചിതനാവണമെന്ന് കാട്ടി കെജ്രിവാള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
എന്നാല്‍, അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് മെയ് 7 ന് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച വിധി പറയുന്നത് മാറ്റി വച്ചിരുന്നു.
മദ്യ നയ അഴിമതി കേസില്‍ മാര്‍ച്ച് 21 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാളിനെ അറസ്റ്റ്‌ചെയ്തത്. നിലവില്‍ ഇദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്. ഇദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ചൊവ്വാഴ്ച ഡല്‍ഹി കോടതി മെയ് 20 വരെ നീട്ടിയിരുന്നു.