ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ശക്തിപ്രകടനമെന്ന നിലയിലും വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടിയും ഇന്ന് രാംലീല മൈതാനിയില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ റാലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയും എത്തും. മാത്രമല്ല, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറനും റാലിയില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലെ സഖ്യകക്ഷികളായ എഎപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും അനുഭാവികളും മാത്രമല്ല, ശിവസേന (യുബിടി), സമാജ്വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍), തൃണമൂല്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ദ്രാവിഡ മുന്നേറ്റ കഴകം എന്നിവരുള്‍പ്പെടെ മറ്റ് പ്രതിപക്ഷ നേതാക്കളും റാലിയില്‍ പങ്കെടുക്കും.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യ കുംഭകോണത്തിലെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളാണ് കെജ്രിവാളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.
20,000ത്തിലധികം പേരുമായി റാലി നടത്താന്‍ എഎപിക്ക് അധികൃതരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. അതേസമയം, ജനാധിപത്യത്തെ രക്ഷിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി നേതാവ് അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.