ന്യൂഡല്‍ഹി: സോളാര്‍ എനര്‍ജി കരാറുകള്‍ക്കായി ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ആരോപിച്ചിരുന്നു. പിന്നാലെ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകള്‍ കെനിയ റദ്ദാക്കി.
കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട ഊര്‍ജ മന്ത്രാലയത്തിന്റെ നടപടിയും ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു.
‘ഞങ്ങളുടെ അന്വേഷണ ഏജന്‍സികളും പങ്കാളി രാജ്യങ്ങളും നല്‍കിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന്’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് റൂട്ടോ പറഞ്ഞു. ‘അഴിമതി സംബന്ധിച്ച തര്‍ക്കമില്ലാത്ത തെളിവുകളോ വിശ്വസനീയമായ വിവരങ്ങളോ ഉണ്ടായാല്‍, നിര്‍ണായക നടപടിയെടുക്കാന്‍ ഞാന്‍ മടിക്കില്ല,’ എന്നും റുട്ടോ വ്യക്തമാക്കി.
30 വര്‍ഷമായി വിമാനത്താവളം നടത്തുന്ന ഗ്രൂപ്പിന് പകരമായി നെയ്റോബിയിലെ കെനിയയിലെ പ്രധാന വിമാനത്താവളം നവീകരിക്കാനും അധിക റണ്‍വേയും ടെര്‍മിനലും നിര്‍മിക്കാനുമുള്ള കരാറില്‍ അദാനി ഗ്രൂപ്പ് ഒപ്പുവെക്കുകയായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിയടക്കം 7 പേര്‍ക്കെതിരെയാണ് യുഎസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.