കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതിതേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയ്ക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കത്തിൽ പറയുന്നു. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാൽ, അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു.
മെമ്മറി കാർഡ് പുറത്തുപോയാൽ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കേസിൽ അന്തിമവാദം കേൾക്കുന്നത് നാളെ ആരംഭിക്കും. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിൻ്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കും.