
ന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് തെറ്റായ കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നെന്നും, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരള സർക്കാർ ആരോപിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിൽ എസ് പിയെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണ്. അന്തിമ വാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കും. ജാമ്യം ലഭിച്ചാൽ പൾസർ സുനി മുങ്ങാനും ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.