തിരുവനന്തപുരം: ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് മലപ്പുറം ജില്ലയിലെ തിരൂർ ഔട്ട്‌ലെറ്റിലാണ്.
തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മുന്‍വര്‍ഷത്തെ മദ്യവില്‍പ്പന കണക്കുകള്‍ മറികടക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. തിരുവോണത്തിന് അവധിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള ദിവസമായ അവിട്ടത്തിന് ഉണ്ടായ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്.