മലയാളി ഗോളിൽ കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് 2-1ന്

കൊച്ചി: തിരുവോണ ദിനത്തിലേറ്റ കനത്ത തോൽവിയുടെ കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്. അതേ വേദിയിൽ, അതേ സ്കോറിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തളച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഒരു ഗോളിനു പിന്നിലായിപ്പോയ ശേഷം തളരാതെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

പകരക്കാരന്‍ മലയാളി താരം വിഷ്ണു പി.വിയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടി. അഡ്രിയൻ ലൂണയില്ലെങ്കിലും കളിക്കാമെന്ന് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ച മത്സരം. എഫ്സിക്കെതിരായ ആദ്യ മത്സരത്തെ അപേക്ഷിച്ച് പല വീഴ്ചകളും തിരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത്. വിജയത്തോടെ രണ്ടു കളികളിൽനിന്ന് 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറി. രണ്ടാം മത്സരവും തോറ്റ ഈസ്റ്റ് ബംഗാൾ 12–ാം സ്ഥാനത്താണ്.

കളിയിലെ മൂന്ന് ​ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 59–ാം മിനിറ്റിൽ മലയാളി താരം പി വി വിഷ്ണുവിലൂടെ ഈസ്റ്റ് ബം​ഗാളാണ് ​​​ആദ്യം ​ഗോൾ കണ്ടെത്തിയത്. നാല് മിനിറ്റിനുള്ളിൽ 63–ാം മിനിറ്റിൽ നോഹ സദൂയി ബ്ലാസ്റ്റേഴ്സിനായി ​ഗോൾ മടക്കി. കളിതീരാനിരിക്കെ 88-ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ടീമിന് വിജയ​ഗോൾ സമ്മാനിച്ചത്. ഇതോടെ ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ സ്വന്തം തട്ടകത്തിൽ 1– 2ന്‌ തോറ്റതിന്റെ ക്ഷീണം മാറ്റാൻ ബ്ലാസ്റ്റേഴ്സിനായി.