ദില്ലി: കടമെടുപ്പ് പരിധി സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ കേരളവും കേന്ദ്രവും തമ്മിൽ രൂക്ഷ വാദം. വിഷയത്തിൽ ആദ്യം വാദമുഖമുന്നയിച്ച കേരളം, കേന്ദ്ര സർക്കാർ ചെയ്യുന്നത് കടുത്ത അനീതിയാണെന്നാണ് പറഞ്ഞത്. സി എ ജി റിപ്പോർട്ട് പ്രകാരം കേരളത്തിന്‍റേത് സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയാണെന്നും കേരളത്തിന് വേണ്ടി വാദിച്ച കപിൽ സിബൽ ചൂണ്ടികാട്ടി.കേരളത്തിന്‍റെ വാദം അവസാനിച്ചതിന് പിന്നാലെ വാദം തുടങ്ങിയ കേന്ദ്രം ശക്തമായ മറുപടിയാണ് കോടതിയിൽ ഉന്നയിച്ചത്. സി എ ജി ഓഡിറ്റ് റിപ്പോർട്ട് കേരളം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര സർക്കാർ, തെറ്റായ കണക്കുകളാണ് കേരളം നിരത്തുന്നതെന്നും വാദിച്ചു. കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണ്. വരുമാനത്തെക്കാൾ ചെലവുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും കേന്ദ്രം ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ കടമെടുപ്പ് നല്ല ലക്ഷണമല്ലെന്നും കേന്ദ്രം വാദിച്ചു. കേരളത്തിന് പുതിയതായി വരുമാനമൊന്നും ഇല്ലെന്നും കടം വീട്ടാനാകുന്നില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടികാട്ടി. വർഷം തോറും കേരളത്തിന് കടം കൂടുകയാണെന്നും കേന്ദ്രം വിവരിച്ചു.
kerala borrowing limit issue in supreme court latest updates