കൽപ്പറ്റ: വയനാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മുന്നണികൾ വലിയ ആവേശമാക്കിയാണ് വയനാടും ചേലക്കരയിലും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമിട്ടത്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പങ്കെടുക്കച്ചു. തിരുവമ്പാടിയിലെ കൊട്ടിക്കലാശം അത്രമേൽ ആവേശകരമായിരുന്നു. ഇടത് സ്ഥാനാർഥി സത്യൻ മൊകേരിയും ബി ജെ പി സ്ഥാനാർഥി നവ്യ ഹരിദാസും പ്രവർത്തകർക്ക് ആവേശം പകർന്നു.
ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്ഷോയിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് സുല്‍ത്താൻ ബത്തേരിയിലെ കൊട്ടിക്കലാശത്തിനൊപ്പമാണ് ചേർന്നത്.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്‍റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. പാലക്കാട്ടെ സ്ഥാനാർതി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര കൊട്ടിക്കലാശത്തിനെത്തി. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമായത്. മണ്ഡലങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്.