കൽപ്പറ്റ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വിധി കുറിക്കപ്പെട്ടു. പോളിംഗ് സമയം പൂർത്തിയായപ്പോൾ വരിയിലുള്ളവർക്ക് മാത്രം ഇനി ബൂത്തുകളിൽ വോട്ട് ചെയ്യാനായി ടോക്കൺ നൽകിയിട്ടുണ്ട്. വമ്പൻ പ്രചരണം നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗിന് തണുപ്പൻ പ്രതികരണമായിരുന്നു. വോട്ടെടുപ്പ് സമയം അവസാനിച്ച ആറ് മണിക്ക് വയനാട് പോളിംഗ് 65 ശതമാനത്തോളം മാത്രമാണ് രേഖപ്പെടുത്തിയത്. രാഹുൽ ഗാന്ധിയുടെ പകരക്കാരിയായി പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിനിറങ്ങിയിട്ടും പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
അതേസമയം ചേലക്കരയിൽ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ മണ്ഡലത്തിലെ പോളിംഗ് ഉയർത്തിയെന്നാണ് വിലയിരുത്തൽ. രാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കുമ്പോൾ എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘർഷമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. പശ്ചിമ ബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും വിധി കുറിക്കപ്പെട്ടു. പാലക്കാട് വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.