ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കു ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
വയനാട്, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചനകള്‍. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23-നും നടക്കും.
Kerala Byelections on November 13 Maharashtra assembly election on November 20