കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാൾ. ഇന്നലെ പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നുതന്നെയാണ് ചെറിയപെരുന്നാള്‍.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി തുടങ്ങിയവരാണ് മാസപ്പിറവി കണ്ട കാര്യം അറിയിച്ചത്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഇവർ അറിയിച്ചു.
റമദാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇത്തവണ ഈദുൽ ഫിത്ർ എത്തിയത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പെരുന്നാൾ ആശംസകൾ നേർന്നു. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും ഇന്ന് ചെറിയ പെരുന്നാളാണ്. ഉത്തരേന്ത്യയില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണ്. ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്നും മുഖ്യമന്ത്രി.