‘ആരും ഞെട്ടിപ്പോകുന്ന കണക്കുകൾ നൽകി; വ്യാജ കഥകളിലൂടെ കേരളവും ജനങ്ങളും അപമാനിക്കപ്പെട്ടു’

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കി. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. സംശയത്തിന്‍റെ പുകപടലമുള്ള തലക്കെട്ടുകളാണ് നൽകിയത്. അസത്യം പറക്കുമ്പോൾ പിന്നാലെ സത്യം മുടന്തുകയാണ് ചെയ്തത്. സർക്കാർ കള്ളക്കണക്ക് നൽകിയെന്ന് പ്രതിപക്ഷവും വിമർശിച്ചു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തെ ലോകം പ്രകീർത്തിച്ചതാണ്. എന്നാൽ, വ്യാജ വാർത്തയിൽ ലോകത്തിനു മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജണ്ട നാടിന് എതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരിതാശ്വാസ ചെലവുകളും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

More Stories from this section

family-dental
witywide