കെജ്‌രിവാളിന്‍റെ ജാമ്യം ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ തിരിച്ചടി: പിണറായി വിജയൻ

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനമെന്ന് പിണറായി പ്രതികരിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും ഈ വിധി നിർണായക സ്വാധീനം ചെലുത്തുമെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തിരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്‍റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

“ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തിരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദി സർക്കാറിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചുവിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേൽപിച്ചത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെ,”ന്നും പിണറായി അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide