ആലപ്പുഴ: ലോകത്തിലെ ഏറ്റവും വലിയ വാണിജ്യസ്ഥാപനങ്ങളിലൊന്നായ, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന വന്‍കിട സ്ഥാപനമാണ് വാള്‍മാര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ടില്‍ കേരള കയര്‍ കോര്‍പറേഷന്റെ ഉത്പന്നങ്ങളും ഉടന്‍ ലഭ്യമാകും. ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതോടെ വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടവും കയര്‍ കോര്‍പറേഷന്‍ സ്വന്തമാക്കുകയാണ്.
ഗുണമേന്മ പരിശോധനയടക്കം ഒട്ടേറെ നടപടി ക്രമങ്ങള്‍ക്കുശേഷമാണ് വാള്‍മാര്‍ട്ട് കോര്‍പറേഷനുമായി ധാരണയിലെത്തിയത്. വാള്‍മാര്‍ട്ട് സംഘം ഉടന്‍ കമ്പനി സന്ദര്‍ശിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസത്തോടെ കയറുത്പന്നങ്ങള്‍ വാള്‍മാര്‍ട്ടിന്റെയും സാംസ് ക്ലബ്ബിന്റെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാകുമെന്നാണ് വിവരം. ലോകത്തെ വിവിധ വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ എത്തും മുമ്പുതന്നെ ഓണ്‍ലൈനായി കയറുത്പന്നങ്ങള്‍ ലഭ്യമാകും.