കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ എൽഡിഎഫിന്റെ കോട്ടയം സ്ഥാനാർത്ഥി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. എട്ടാം തവണയാണ് ചാഴിക്കാടൻ മത്സരിക്കുന്നത്. കെ.എം മാണിയുടെ ആഗ്രഹം തുടർന്നും നിറവേറുകയാണ് ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്തത്തിലൂടെയെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കോട്ടയത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച ജനപ്രതിനിധിയായി മാറാൻ ചാഴിക്കാടന് കഴിഞ്ഞെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ജോസ് കെ മാണി വിശദീകരിച്ചു. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.
സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര എന്നിവയിൽ ഏതെങ്കിലും മൂന്ന് സീറ്റുകൾ കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയടക്കം ചൂണ്ടിക്കാട്ടി നാല് സീറ്റെന്ന ആവശ്യം ഇടതുപക്ഷം തള്ളുകയായിരുന്നു. 15 സീറ്റിൽ സിപിഎം, 4 സീറ്റിൽ സിപിഐ, കോട്ടയത്ത് കേരള കോൺഗ്രസ് എം എന്നാണ് നിലവിലെ ധാരണ.
2019-ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.
1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്.