തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ പാലിയത്ത് രവിയച്ചന്‍(96) അന്തരിച്ചു. നാളെ വൈകീട്ട് പാലിയത്ത് കുടുംബവീട്ടില്‍ വൈകീട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നാളെ വീട്ടിലും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദര്‍ശനമുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രവിയച്ചന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിനായി 55 മത്സരങ്ങളില്‍ കളിച്ച രവിയച്ചന്‍ 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.1952ല്‍ തിരുവിതാംകൂര്‍ കൊച്ചി ടീമിന് വേണ്ടിയാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്.1952 മുതല്‍ 1970 വരെ കേരളത്തിനായി കളിച്ചു. കേരളത്തിനായി ആദ്യമായി 1000 റണ്‍സ് നേടിയ താരമാണ് രവിയച്ചന്‍.
കേരളത്തിന് ആദ്യരഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ അംഗമായിരുന്നു രവിയച്ചന്‍. 1970കളില്‍ തന്റെ 41-ാം വയസിലാണ് വിരമിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 റണ്‍സും 100 വിക്കറ്റുകളും നേടുന്ന ആദ്യ മലയാളി താരവും പാലിയത്ത് രവിയച്ചനാണ്. ജില്ലാ ടീമുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും നിർവ്വഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനത്തും രവിയച്ചൻ സേവനം അനുഷ്ഠിച്ചിരുന്നു.