തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്കാണ് പലയിടങ്ങളിലും വെടിക്കെട്ടോടുകൂടി കൊട്ടികലാശിച്ചത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രവർത്തകർ കൊട്ടക്കലാശത്തെ ആവേശമാക്കിയത്. തങ്ങളുടെ സാരഥികൾ വിജയക്കുമെന്ന് ഓരോ നിമിഷത്തിലും അവർ വിളിച്ചുപറഞ്ഞു. ഫുൾ ആവേശമായിരുന്നു എങ്ങും. 40 നാളിലേറെ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞ പ്രവർത്തകരും നേതാക്കളും കേരളത്തിൽ സമ്പൂർണ വിജയം തന്നെയാണ് അവകാശപ്പെടുന്നത്. ഇനിയുള്ള മണിക്കൂറുകളിൽ കേരളത്തിൽ നിശബ്ദ പ്രചാരണമായിരിക്കും. ശേഷം 26 ന് രാവിലെ മുതൽ കേരളം ലോക് സഭ തെരഞ്ഞെടുപ്പിനുള്ള വിധി കുറിക്കും.
കേരളം പ്രതീക്ഷയോടെ ബൂത്തിലേക്ക്
രണ്ടക്ക സീറ്റിൽ കണ്ണുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമെത്തിയ സംസ്ഥാനം. ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് സീറ്റുള്ള കേരളം. ഇന്ത്യാ സംഖ്യത്തിന്‍റെ വലിയ പ്രതീക്ഷാ മുനമ്പ്, സഖ്യത്തിലെ കക്ഷികൾ പോരടിക്കുന്ന മണ്ണ്. അങ്ങിനെ രാജ്യം ശ്രദ്ധിക്കുന്ന കേരളം 40 നാൾ വലിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളും മുന്നണികൾക്ക് ഏറെയാണ്. പരസ്യപ്രചാരണത്തിന്‍റെ അവസാന നാളിൽ രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ, വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി അവർ ഓടിയെത്തി. കരുത്ത് മുഴുവൻ കാണിക്കാൻ ഒപ്പം അനുയായിപ്പടയും ഉണ്ടായിരുന്നു.
വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാന സർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽ ഡി എഫ് ക്യാംപ് പറയുന്നത്. ചിട്ടയായ പ്രവർത്തനവും പൗരത്വ നിയമത്തിലൂന്നിയ പ്രചാരണവും മേൽക്കെ നൽകുമെന്ന കാരണമാണ് അവർ നിരത്തുന്നത്. ഇത്തവണ പുതുചരിത്രമെഴുതുമെന്നും ഇടതുമുന്നണി അവകാശവാദമുന്നയിക്കുന്നുണ്ട്. മറുവശത്ത് മുഴുവൻ സീറ്റിലും ജയമെന്നാണ് അവസാനനിമിഷവും യു ഡി എഫ് പറയുന്നത്. മുമ്പൊരിക്കലുമില്ലാത്ത കേന്ദ്ര – സംസ്ഥാന വിരുദ്ധ വികാരക്കാറ്റിൽ ഇരുപത് സീറ്റും പോരുമെന്നും അവർ കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി പറഞ്ഞ പോലെ ഇക്കുറി കേരളത്തിൽ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബി ജെ പിയുടെ വാദം. മോദിയിലാണ് ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളും. കേന്ദ്രസർക്കാറിനൊപ്പമുള്ള പ്രതിനിധി എന്ന പ്രചാരണം തിരുവനന്തപുരം അടക്കമുള്ള എ പ്ലസ് സീറ്റിൽ ഫലം കണ്ടെന്നാണ് പ്രതീക്ഷ.
Kerala election public campaign kottikalasam ends lok sabha election live updates