കേന്ദ്ര ബജറ്റിൽ കണ്ണുംനട്ട് കേരളം; പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമോ?

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് സ്വന്തമായൊരു എംപിയെ കിട്ടിയതിനു ശേഷം എത്തുന്ന ആദ്യ കേന്ദ്രബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. കഴിഞ്ഞ നാളുകളിൽ കേന്ദ്രവും കേരളവും തമ്മിലുള്ള പിടിവലികൾക്കും സുപ്രീം കോടതി വരെയെത്തിയ തർക്കങ്ങൾക്കും ബജറ്റിൽ പരിഹാരമുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് സർക്കാർ.

കടക്കെണിയിൽ ശ്വാസം മുട്ടുന്ന സംസ്ഥാനം പ്രത്യേക സാമ്പത്തിക പാക്കേജിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ജനുവരി വരെയുള്ള കണക്കുപ്രകാരം 2.38 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ഇതിൽ നിന്ന് താൽക്കാലികമായി കരകയറാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിലും കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുമെന്ന് 2014ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ്. കേന്ദ്രത്തിന്റെ ഉറപ്പ് വിശ്വസിച്ച് കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. എന്നാൽ പത്താംവർഷത്തിലും വാഗ്ദാനം കടലാസിൽ നിന്നും മുന്നോട്ടു പോയിട്ടില്ല. രാജ്യമാകെ 25 എയിംസുകളാണ് ഉള്ളത്. ഇത്തവണത്തെ ബജറ്റിലെങ്കിലും എയിംസ് യാഥാർത്ഥ്യമാക്കാനുള്ള നീക്കമുണ്ടായാലാൽ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് കൂടുതൽ ഊർജം നൽകും.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനമാണ് കേരളത്തിന്റെ മറ്റൊരു പ്രതീക്ഷ. കലൂർ  മുതൽ കാക്കനാട് വരെയുള്ള 11.2 കിലോമീറ്റർ ദൂരത്തേക്കാണ് രണ്ടാം ഘട്ടത്തിൽ മെട്രോ നീട്ടുന്നത്. ഇതിന്റെ നിർമാണം ആരംഭിച്ചു. പത്ത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പുതിയ പാതയുടെ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഇതുവരെ 378.57 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ രണ്ടാം ഘട്ടം പൂർത്തിയാകണമെങ്കിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. മൂന്നാം ഘട്ടത്തിലേക്ക് കടക്കണമെങ്കിലും കേന്ദ്രസർക്കാർ സഹകരിക്കണം.

റബ്ബറിറിന്റെ താങ്ങുവില വർധിപ്പിക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവൃത്തികൾക്ക് 5000കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, കേന്ദ്രാവിഷ്‌കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്ര വിഹിതത്തിന്റെ കുടിശികയായി 3686 കോടി ലഭ്യമാക്കൽ, സിൽവർലൈൻ പദ്ധതിക്കുള്ള കൈത്താങ്ങ്, നാഗപട്ടണം പള്ളി മുതൽ തൃശൂർ ലൂർദ് പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ട്പദ്ധതിക്ക് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവച്ച നിർദേശം എന്നിങ്ങനെ കുന്നോളം പ്രതീക്ഷകളോടെയാണ് കേരളം ഇക്കുറി ബജറ്റിനെ നോക്കിക്കാണുന്നത്.

More Stories from this section

family-dental
witywide