കേന്ദ്രം തള്ളിക്കളയാനാവശ്യപ്പെട്ട കേസാണ് ഭരണഘടന ബെഞ്ചിന് വിട്ടത്, കേരളത്തിന് പോസിറ്റീവെന്ന് ധനമന്ത്രി; അംഗീകാരമെന്ന് സിപിഎം

തിരുവനന്തപുരം: കേരളത്തിന്‍റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാലും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത്. പ്രധാനപ്പെട്ട വിധിയാണ് ഇന്നുണ്ടായതെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിന്‍റെ അപേക്ഷ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന വിധി പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട കേസാണ് ഇപ്പോൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടതെന്ന് ചൂണ്ടികാട്ടിയ ധനമന്ത്രി, ഫെഡറലിസവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ പ്രധാന കേസാണ് ഇതെന്നും കൂട്ടിച്ചേർത്തു.

കടമെടുപ്പ് കേസിലെ കേരളത്തിന്‍റെ ആവശ്യം പ്രസക്തി ഉള്ളത് എന്ന് സുപ്രീംകോടതി അംഗീകരിച്ചെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടാകാട്ടിയത്. അതുകൊണ്ടാണ് കേസ് ഭരണ ഘടന ബെഞ്ചിന് വിട്ടത്. ബി ജെ പി ഇതര സർക്കാരുകൾ എല്ലാം കേസുമായി കോടതിയെ സമീപിക്കുകയാണെന്നും ഭരണഘടന ബെഞ്ച് വിഷയം ഗൗരവത്തോടെ തന്നെ കാണുമെന്നാണ് പ്രതീക്ഷയെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ട് ഇന്ന് രാവിലെ ഉത്തരവിട്ടത്. ഭരണഘടനയുടെ 293-ാം അനുഛേദ പ്രകാരമുള്ള ഇത്തരമൊരു കേസ് ഇതുവരെ കോടതികളുടെ പരിഗണനയില്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ വിപുലമായ ബെഞ്ച് ഈ കേസ് പരിഗണിക്കേണ്ടതുണ്ട് എന്നതാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഇന്നത്തെ വിധിയില്‍ ചൂണ്ടികാട്ടിയത് . ഒരുപാട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സുപ്രീംകോടതിയുടെ വിശദമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അതിനാലാണ് ഭരണഘടനാ ബെഞ്ചിലേക്ക് കേസ് വിടുന്നതെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഇനി കേരളവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം വിശാലമായ ഭരണഘടനാ ബെഞ്ചില്‍ തുടരും.

Kerala finance minister and CPM Secretary comments on borrowing limit case refers to Supreme Court constitution bench

More Stories from this section

family-dental
witywide