തിരുവനന്തപുരം: ചിങ്ങ മാസം പുകർന്നതോടെ സ്വർണ വിലയിൽ വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,360 രൂപ യായി. ഇന്നലെ ഒരു പവന് 80 രൂപ കൂടിയിരുന്നു. ഗ്രാമിന് 10 രൂപയും കൂടി വിപണി വില 6565 രൂപയായിരുന്നു.
കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയിൽ ഓഗസ്റ്റ് 7ന് 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് വീണ്ടും കൂടിയും കുറഞ്ഞുമിരുന്ന സ്വർണവിലയിൽ ഇന്ന് വലിയ വർധനവുണ്ടായിരിക്കുകയാണ്. ചിങ്ങ മാസം ആയതിനാൽ തന്നെ ഇനി ദിവസം തോറും സ്വർണ വില ഉയരുമെന്നാണ് വിലയിരുത്തലുകൾ.