കൊച്ചി: ഓണക്കാലവും വിവാഹ സീസണും തുടങ്ങിയതോടെ സ്വർണവിലയും കുതിക്കുന്നു. സ്വർണവില ഇന്ന് റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അതോടൊപ്പം കേരളത്തിൽ കല്യാണ സീസൺ ആരംഭിച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
13 ദിവസത്തിൽ കൂടിയത് 2880 രൂപ
53,280 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുമ്പോൾ സ്വർണവിലയിൽ 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന്‍റെ വില 53,680 രൂപയിലേക്കും ഗ്രാമിന്‍റെ വില 6710 രൂപയിലേക്കും ഉയർന്നു. ഓഗസ്റ്റ് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7,8 തീയ്യതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ് സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. ഈ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ദിവസത്തിനുള്ളിൽ 2880 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.