രാജ്ഭവനിലെ വിരുന്നിന് 20 ലക്ഷം; ഗവർണറുമായുള്ള പിണക്കം മാറ്റാൻ സർക്കാർ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്.

റിപ്പബ്‌ളിക് ദിനം വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ‘അറ്റ് ഹോം’ എന്ന പരിപാടിക്ക് 20 ലക്ഷം രൂപ അനുവദിക്കണമെന്ന് രാജ്ഭവന്‍ ഡിസംബര്‍ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം അഞ്ചിന് പണം അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. പൗരപ്രമുഖരും, ഉദ്യോഗസ്ഥരും, മന്ത്രിമാരും, നിയമസഭാ സാമാജികരുമൊക്കെയാണ് അറ്റ് ഹോം പരിപാടിയില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് പുതിയ സംഭവം. അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചിരുന്നു.

More Stories from this section

family-dental
witywide