നയപ്രഖ്യാപന പ്രസംഗം രണ്ടു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; അസാധാരണ നടപടിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. അതേസമയം നയപ്രഖ്യാപന പ്രസംഗം രണ്ടു മിനുട്ടില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങിയത് അസാധാരണ സംഭവമായി. അഭിസംബോധനക്ക് പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്.

രാവിലെ ഒന്‍പതുമണിക്ക് സഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല. മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് തിടുക്കത്തില്‍ സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ, ചിരിക്കുകയോ ചെയ്യാതെയാണ ്ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് കടന്നത്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍, ഒരു മിനിറ്റും 17 സെക്കന്‍ഡും കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.
രാഷ്ട്രത്തെ നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഖണ്ഡികയാണ് ഗവര്‍ണര്‍ വായിച്ചത്. നവകേരള സദസ് സര്‍ക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കുടുംബശ്രീ 25 വര്‍ഷം പൂര്‍ത്തീകരിച്ചതില്‍ അഭിമാനമെന്നും 2024 മാര്‍ച്ചില്‍ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിച്ചു. വായ്പാ പരിധി വെട്ടിക്കുറച്ച് കാരണം സര്‍ക്കാരിന് കടുത്ത പണഞെരുക്കം അനുഭവപ്പെടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടില്‍ അടിയന്തര പുനഃപരിശോധന വേണമെന്നും പ്രസംഗത്തിലുണ്ട്. പ്രസംഗത്തിനിടെ ‘എന്റെ സര്‍ക്കാര്‍’ എന്നു പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

അതേസമയം, ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഒരു ഖണ്ഡിക മാത്രമേ വായിച്ചുള്ളൂവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തില്‍ നിയമപ്രശ്‌നമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

More Stories from this section

family-dental
witywide